ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുരാതന ഭരണാധികാരികളായ മീനച്ചില്‍ കര്‍ത്താക്കളുടെ ജന്മസ്ഥലമാണ് മുത്തോലി. ഓലിഎന്ന വാക്കിനു ഒലിവുമരം, കിണര്‍, ഉറവ, ഉറവിടം എന്നെല്ലാം അര്‍ത്ഥമുണ്ട്. മുത്ത് പോലെയുള്ള ഒലിവുമരം ഉണ്ടായിരുന്ന പ്രദേശമെന്നോ, മുത്തുകള്‍ കിട്ടിയിരുന്ന ഉറവിടമെന്നോ, മുത്തുകള്‍ ഉറവയെടുത്തിരുന്ന കിണര്‍ എന്നോ ആണ് മുത്തോലി എന്ന സ്ഥലനാമത്തിന് അര്‍ത്ഥം കല്‍പിക്കപ്പെടുന്നത്. ഞാവക്കാട്ട് കര്‍ത്താക്കളിലൊരാളായ ശ്രീവീരദാമോദരസിംഹരുവായിരുന്നു ആദ്യത്തെ മീനച്ചില്‍ രാജാവ്. മീനാക്ഷിദേവിയുടെ ഭക്തന്‍മാരായിരുന്ന ഇവര്‍ കംഭാനിക്കടുത്ത് മീനാക്ഷിപ്രതിഷ്ഠയുള്ള ക്ഷേത്രം പണികഴിപ്പിച്ചതോടെയാണ് അതിനു ചുറ്റുമുള്ള പ്രദേശം മീനച്ചില്‍ എന്നറിയപ്പെടാനിടയായത്. മീനച്ചിലാറ് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് കവണാര്‍ എന്ന പേരിലായിരുന്നു. മീനച്ചില്‍ പ്രദേശത്തുകൂടി ഒഴുകുന്ന ആറ് എന്ന നിലയിലാണ് പിന്നീടിത് മീനച്ചിലാറ് എന്നറിയപ്പെട്ടത്. റോഡുഗതാഗതം ഇന്നത്തെ പോലെ പുരോഗതി കൈവരിച്ചിട്ടില്ലാതിരുന്ന പഴയ കാലത്ത് ജലഗതാഗതത്തിന് അനുയോജ്യമായിരുന്ന മീനച്ചിലാറായിരുന്നു പ്രധാന ആശ്രയം. മുത്തോലിക്കടവില്‍ നിന്നും കെട്ടുവള്ളങ്ങളില്‍ ആലപ്പുഴയ്ക്ക് ഉല്‍പ്പന്നങ്ങളും ചരക്കുകളും കൊണ്ടുപോയിരുന്നു. സുഗന്ധവിളകളുടെയും കുരുമുളകിന്റെയും വ്യാപാരത്തിലൂടെ സമ്പല്‍സമൃദ്ധി കൈവരിച്ചിരുന്ന മീനച്ചില്‍ രാജ്യവുമായി അതിപ്രാചീനകാലം മുതല്‍ വിദേശികളും, വടക്കേ ഇന്ത്യാക്കാരും വ്യാപാരബന്ധം പുലര്‍ത്തിയിരുന്നുവെന്നതിന് മതിയായ തെളിവുകളുണ്ട്. പ്രാചീന കാലഘട്ടത്തില്‍ ഇന്നത്തെ മുത്തോലി ഗ്രാമം ഉള്‍പ്പെടുന്ന മീനച്ചില്‍ രാജ്യം നിരവധി തവണ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മ 1751-ല്‍ മീനച്ചില്‍ രാജ്യത്തെ കീഴടക്കുന്നതുവരെ മീനച്ചില്‍ രാജാക്കന്‍മാര്‍ ഓരോ കരയും കേന്ദ്രീകരിച്ച് രൂപം നല്‍കിയിരുന്ന നാട്ടുക്കൂട്ടങ്ങളും, അതിന്റെ തലവന്മാരായിരുന്ന മില്ലക്കാരന്‍മാരും മുഖേനയാണ് രാജ്യഭരണം നടത്തിയിരുന്നത്. പാണ്ഡവന്മാര്‍ ഒളിച്ചു താമസിച്ചതെന്ന് ഐതിഹ്യമുള്ള സ്ഥലമാണ് ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അള്ളുങ്കല്‍കുന്ന് ഗുഹ. ക്ഷേത്രങ്ങളോടും പള്ളികളോടും അനുബന്ധിച്ചായിരുന്നു മുന്‍കാലത്ത് സാമൂഹ്യ-സാംസ്കാരിക പുരോഗതി രൂപപ്പെട്ടുവന്നത്. ഓണംതുള്ളല്‍, കുറത്തിയാട്ടം, അമ്മാനംകളി, നോക്കുകുത്തി, കാളകളി, “ഐവര്‍കളി” (ഏതാണ്ട് തിരുവാതിരകളിയോട് സാമ്യമുള്ളതും, പുരുഷന്മാര്‍ ഒത്തുചേര്‍ന്ന് അമ്പലങ്ങളോടനുബന്ധിച്ച് നടത്തുന്നതുമായ ഒരു സംഗീതനൃത്തരൂപം), ക്രിസ്ത്യന്‍ സമുദായം അവതരിപ്പിക്കാറുള്ള ചവിട്ടുനാടകംമുതലായ അനുഷ്ഠാന കലകള്‍ക്കും, നൃത്തസംഗീതരൂപങ്ങള്‍ക്കും, നാടകങ്ങള്‍ക്കും സാമാന്യം നല്ല വേരോട്ടമുണ്ടായിരുന്ന ഒരു ഭൂതകാലം ഈ ഗ്രാമത്തിനുണ്ടായിരുന്നു. ഭൂരിഭാഗം പ്രദേശത്തും ചെമ്മണ്ണ് കലര്‍ന്ന വളക്കൂറുള്ള മണ്ണ് കാണപ്പെടുന്ന ഈ പഞ്ചായത്തില്‍ റബ്ബറാണ് പ്രധാനകൃഷി. ഒരു കാലത്ത് ആകെ ഭൂവിസ്തീര്‍ണ്ണത്തിന്റെ പത്തുശതമാനമെങ്കിലും നെല്‍കൃഷി ചെയ്തിരുന്ന പാടശേഖരങ്ങളായിരുന്നുവെങ്കില്‍, ഇന്നത് മിക്കവാറും നികത്തി റബ്ബറും തെങ്ങും കൃഷി ചെയ്യുന്നതായാണ് കാണപ്പെടുന്നത്. കേരളത്തിലാദ്യമായി റബ്ബര്‍ കൃഷി ആരംഭിച്ച 1902-ല്‍ തന്നെ ഇവിടെയും അതിന്റെ കൃഷി ആരംഭിച്ചിരുന്നു. ഈ ഗ്രാമത്തില്‍ നിന്നുള്ള പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു കടമ്പുകാട്ടില്‍ എം.ചാക്കോ. സെന്റ് ജോസഫ് എല്‍.പി സ്കൂളാണ് മീനച്ചില്‍ താലൂക്കിലെ തന്നെ പ്രഥമ മലയാളം സ്കൂള്‍. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍, മുത്തോലി-കിടങ്ങൂര്‍, പാലാ-വൈക്കം, ആണ്ടൂര്‍-മരങ്ങാട്ടുപള്ളി എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന ഗതാഗതപാതകള്‍. പരമ്പരാഗത-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെയധികം പ്രാമുഖ്യം നല്‍കുന്ന പഞ്ചായത്താണ് മുത്തോലി. വിളക്ക്, ചെമ്പുപാത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ആലകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ 12 സ്ക്കൂളുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. സെന്റ് ആന്റണീസ് ബോയ്സ് ഹൈസ്ക്കൂള്‍, സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്ക്കൂള്‍, സെന്റ് ജോര്‍ജ് പ്രൈമറി സ്ക്കൂള്‍, സെന്റ് ജോസഫ് ടി.ടി.ഐ എന്നിവയാണ് മുത്തോലി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലയിലുള്ള പ്രധാന സ്ക്കൂളുകള്‍. സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് എല്‍.പി.സ്ക്കൂളുകള്‍ വെള്ളിയോപ്പള്ളി, പുലിയന്നൂര്‍, തെക്കുംമുറി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. 11 ക്ഷേത്രങ്ങളും 6 ക്രിസ്ത്യന്‍പള്ളികളും പഞ്ചായത്തിലുണ്ട്. പുലിയന്നൂര്‍ മഹാദേവ ക്ഷേത്രം, പന്തത്തലയിലെ ഇടത്തേട്ട് കാവ് ദേവിക്ഷേത്രം, മലയിന്‍കാവ് ദേവിക്ഷേത്രം, പടിഞ്ഞാറ്റുകര പാട്ടുപുരയ്ക്കല്‍ ദേവിക്ഷേത്രം, പൈക്കേപ്പാടം ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവാരധനാലയങ്ങള്‍. മീനച്ചില്‍ സെന്റ് ജോണ്‍സ് പള്ളി, മുത്തോലി, നെല്യാനി, പാളയംകുരുവിനാല്‍ എന്നിവിടങ്ങളിലെ സെന്റ് ജോണ്‍സ് പള്ളികള്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ക്രിസ്തീയദേവാലയങ്ങളാണ്. കടപ്പാട്ടൂര്‍ ഉത്സവം, മീനച്ചില്‍കാവ് മേടംപത്ത്, പാട്ടുപുരയ്ക്കല്‍ ഉത്സവം, പള്ളിപെരുന്നാളുകള്‍ എന്നിങ്ങനെ ഒട്ടേറെ ഉത്സവാഘോഷങ്ങളും ആരാധനാലയങ്ങളോടനുബന്ധിച്ച് നടത്തപ്പെടാറുണ്ട്. സാഹിത്യരംഗത്തെ വെട്ടൂര്‍ രാമന്‍നായര്‍, സിനിമാരംഗത്തെ കെ.കെ.അരൂര്‍, ആധ്യാത്മികരംഗത്തെ ഡോ.തോമസ് മേനാംപറമ്പില്‍, അന്തര്‍ദേശീയ നീന്തല്‍ താരങ്ങളായ സുമി സിറിയക്, സോണി സിറിയക് എന്നിവര്‍ ഈ പഞ്ചായത്തിന്റെ യശസ്സുയര്‍ത്തിയവരാണ്.